കോളയാട് ഗ്രാമപഞ്ചായത്തിന്റെ ചരിത്രം
കോളയാട് പ്രദേശം പ്രാചീന ചോളസാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്നു. തുളുനാടുമായി മലബാറിനുള്ള ബന്ധം ചരിത്രസത്യമാണ്. പ്രാകൃത തുളു സംസാരിക്കുന്ന ആദി ദ്രാവിഡ ഗോത്രത്തില്‍പെട്ടവര്‍ ഇന്നും പഞ്ചായത്തിലുള്ളത് ഇതിന്റെ സൂചനയാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൊട്ടിയൂര്‍ ശിവക്ഷേത്രത്തിലേയ്ക്കുള്ള യാത്രാ മാര്‍ഗ്ഗത്തില്‍ ഒരു ഇടത്താവളമായിരുന്നു കോളയാട്. ഈ പഞ്ചായത്തില്‍പ്പെട്ട പെരുവ പ്രദേശങ്ങളില്‍ കാണപ്പെടുന്ന പുരാതന ക്ഷേത്രങ്ങളുടെയും വീടുകളുടെയും അവശിഷ്ടങ്ങള്‍ ഇക്കാര്യം ബോധ്യപ്പെടുത്തുന്നു. വീര പഴശ്ശിയുടെ ചെറുത്തു നില്‍പ്പിന് സഹായം നല്‍കിയ കുറിച്യ പോരാളികളുടെ പിന്‍തലമുറക്കാര്‍ ഇന്നും പഞ്ചായത്ത് പ്രദേശങ്ങളില്‍ അധിവസിക്കുന്നു. പഴശ്ശിരാജാവിന്റെ യുദ്ധതന്ത്രങ്ങള്‍ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റുകൊടുക്കാന്‍ ശ്രമിച്ച കൈതേരി അമ്പുവിനെ പെരുവയിലെ കുറിച്യ മൂപ്പനായിരുന്ന മഞ്ചപ്പാറക്കാരണവര്‍ തന്ത്രപൂര്‍വ്വം വധിച്ചതായി പറയപ്പെടുന്നു. എടയാര്‍ ഭാഗത്ത് ഒരു കിണറില്‍ ഒളിച്ചു പാര്‍ത്തിരുന്ന കണ്ണവത്ത് നമ്പ്യാരെയും മരുമകനെയും ഒരു നമ്പൂതിരി 1000 രൂപ പ്രതിഫലത്തിന് കമ്പനി പട്ടാളത്തിന് ഒറ്റുകൊടുത്തതായും അവരെ കുതിര വണ്ടിക്ക് കെട്ടിവലിച്ച് കണ്ണവത്ത് വച്ച് കഴുവിലേറ്റിയതായും ചരിത്രത്തില്‍ പറയപ്പെടുന്നു.
കാര്‍ഷിക ചരിത്രം
ഈ നൂറ്റാണ്ടിന്റെ ആദ്യകാലത്ത് പഞ്ചായത്തിലെ 80%-ത്തോളം പ്രദേശവും കാട്ടാനകളും മറ്റു കാട്ടുമൃഗങ്ങളും നിറഞ്ഞ വനപ്രദേശമായിരുന്നു. ബാക്കി വരുന്ന 20%-ത്തോളം മാത്രമേ കൃഷിക്കു വേണ്ടി ഉപയോഗിച്ചിരുന്നുള്ളൂ. 1923-ല്‍ ആരംഭിച്ച കുടിയേറ്റമാണ് ഈ പ്രദേശത്തിന്റെ കാര്‍ഷികവും കാര്‍ഷികേതരവുമായ എല്ലാ പുരോഗതിക്കും കാരണം. തിരുവിതാംകൂറില്‍ നിന്നും വന്ന കുടിയേറ്റക്കാരെ കൂടാതെ ഈ ജില്ലയിലെ മറ്റുഭാഗങ്ങളില്‍ നിന്നുംവന്ന മറ്റു കര്‍ഷകരും അല്‍പ്പാല്‍പ്പമായി ജന്‍മിമാരുടെ കൈയ്യില്‍നിന്നും ദേവസ്വത്തില്‍ നിന്നും വാക്കാല്‍ ചാര്‍ത്തി വാങ്ങിയ സ്ഥലത്ത് കൃഷിചെയ്തു തുടങ്ങി. പുനംകൃഷിയായിരുന്നു ആദ്യകാലത്ത് ചെയ്തുകൊണ്ടിരുന്നത്. നവര, കോയ്യാള, അടുക്കന്‍, കറുത്തടക്കന്‍ തുടങ്ങിയ നെല്ലിനങ്ങളും. ചാമ, മുത്താറി, തിന, വരക്, തൊവര, വെള്ളരി, മത്തന്‍ തുടങ്ങിയ മറ്റു വിളകളുമായിരുന്നു പുനം കൃഷിയില്‍ ഉള്‍പ്പെട്ടിരുന്നത്. ക്രമേണ പുനംകൃഷിക്കൊപ്പം മരിച്ചീനിയും നാണ്യവിളകളായ കശുമാവ്, കുരുമുളക്, തെങ്ങ്, കവുങ്ങ്, എന്നിവയും കൃഷി ചെയ്തു തുടങ്ങി. പിന്നീട് 1940-കളില്‍ ആരംഭിച്ച റബ്ബര്‍ കൃഷി പഞ്ചായത്തിലെ മുഖ്യവിളയായി മാറിയിരിക്കുന്നു
കലാ-കായിക -സാംസ്കാരിക ചരിത്രം
കോട്ടയം പഴശ്ശിരാജവംശത്തിന്റെ ഭരണ പൈതൃകവും ടിപ്പുവിന്റെ പടയോട്ടത്തിന്റെ സാക്ഷ്യവും ബ്രിട്ടീഷ് ഈസ്റ്റിന്റ്യാ കമ്പനി ഭരണത്തിലെ പട്ടാള വണ്ടികളും പ്രതിധ്വനികളും ഏറ്റുവാങ്ങിയ കോളയാട് ഗ്രാമപ്രദേശം, പഴയ മലബാര്‍ കോട്ടയം താലൂക്കിലെ ചിറ്റാരിപ്പറമ്പ് അംശത്തില്‍പെട്ടിരുന്ന കോളയാട് വില്ലേജും, മണത്തണ അംശത്തില്‍പെട്ടിരുന്ന വേക്കളം വില്ലേജും കൂടിച്ചേര്‍ന്നതാണ്. പൌരാണിക കാലഘട്ടത്തില്‍ തന്നെ കൂത്തുപറമ്പ്, പാനൂര്‍ തുടങ്ങിയ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍നിന്ന് പുനംകൃഷിക്കു വന്ന ഹിന്ദുക്കളും പാനൂര്‍, നാദാപുരം ഭാഗങ്ങളില്‍ നിന്നുവന്ന മുസ്ളീങ്ങളും ഈ ഗ്രാമത്തില്‍ കുടിയേറിയിട്ടുണ്ട്. ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പു തന്നെ ഈ ഗ്രാമത്തില്‍ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. ഓരോ പ്രദേശത്തേയും നാട്ടുക്കൂട്ടങ്ങള്‍ ആ പ്രദേശത്തിന്റെ ഒരു വര്‍ഷത്തെ ജീവിതചര്യകളെ ബാധിക്കുന്ന എല്ലാകാര്യങ്ങളും ഗ്രാമത്തലവന്റെ സാന്നിദ്ധ്യത്തില്‍ രൂപപ്പെടുത്തിയിരുന്നു. വിളവെടുപ്പിനോടനുബന്ധിച്ച് കൂടിയിരുന്ന ഈ നാട്ടുകൂട്ടങ്ങളാണ് ഇവിടുത്തെ പ്രാചീന കലാരൂപങ്ങളുടെ പ്രഭവസ്ഥാനങ്ങള്‍. വീരാരാധനയില്‍ നിന്ന് രൂപമെടുത്ത കലാസൃഷ്ടികളായിരുന്നു ഇവയില്‍ മിക്കതും. 1948-ലാണ് ഈ ഗ്രാമത്തിലെ ആദ്യത്തെ ഗ്രന്ഥശാല സ്ഥാപിതമായത്. കേരളഗ്രന്ഥശാലാ സംഘത്തില്‍ തലശ്ശേരി മേഖലയിലെ രണ്ടാമതായി രജിസ്റ്റര്‍ ചെയ്യപ്പെട്ട പ്രസ്തുത ഗ്രന്ഥശാല ജെ.സി.സെക്വേറ രൂപം കൊടുത്ത ഗ്രാമസേവാ സംഘം ഗ്രന്ഥശാലയാണ്. ഇതേ ഗ്രന്ഥശാലയാണ് പിന്നീട് ജെ.സി.സെക്വേറ മെമ്മോറിയല്‍ ഗ്രന്ഥശാലയും വായനശാലയുമായി പരിണമിച്ചത്. ഗ്രാമത്തിന്റെ പഴയകാല സാംസ്കാരിക ചരിത്രത്തില്‍ നാടകങ്ങള്‍ക്കുണ്ടായിരുന്ന സ്ഥാനം ഇവിടെ പ്രസ്താവ്യമാണ്. പുനത്തില്‍ നാരായണന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ രൂപപ്പെട്ട പുരാണ നാടകസംഘവും പെരുന്തോടി കേന്ദ്രീകരിച്ച് സന്തോഷ് റീക്രിയേഷന്‍ ക്ളബ്ബിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട് ഏതാണ്ട് പ്രൊഫഷണല്‍ തലത്തിലേയ്ക്ക് വളര്‍ന്ന നാടകസംഘവും കോളയാട് കേന്ദ്രമാക്കി ജെ.സി.സെക്വേറ സ്മാരക വായനശാലയുടെ നേതൃത്വത്തില്‍ രൂപീകരിച്ച നാടകസംഘവും സജീവമായി നിലനിന്നിരുന്നു.