ഭൂമിശാസ്ത്രം
കണ്ണൂര്‍ ജില്ലയിലെ കോളയാട് ഗ്രാമപഞ്ചായത്ത് 1963-ല്‍ രൂപീകൃതമായി. 33.15 ച.കീ.മീ. വിസ്തൃതിയുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് മാലൂര്‍, പേരാവൂര്‍ പഞ്ചായത്തുകളും തെക്ക് പാട്യം പഞ്ചായത്തും, കിഴക്ക് കണിച്ചാര്‍ പഞ്ചായത്തും, പടിഞ്ഞാറ് ചിറ്റാരിപറമ്പ് പഞ്ചായത്തുമാണ്. 2011-ലെ സെന്‍സസ് അനുസരിച്ച് 10340 സ്ത്രീകളും 9450 പുരുഷന്മാരും ഉള്‍പ്പെടെ പഞ്ചായത്തിന്റെ ആകെ ജനസംഖ്യ 19790 ആണ്. 90 ശതമാനം ആണിവിടുത്തെ സാക്ഷരതാ നിരക്ക്. പഞ്ചായത്തിന്റെ ആകെ വിസ്തൃതിയുടെ 43 ശതമാനത്തോളം വനഭൂമിയാണ്. പള്ളിപ്പാലം പുഴ, കക്കന്തോട് പുഴ, കണ്ണവം പുഴ തുടങ്ങി എട്ടോളം പുഴകളും, കൊളപ്പമല, പറക്കാട് മല, പെക്കേരി മല തുടങ്ങി മലകളും പുഴകളും നിറഞ്ഞ ഭൂവിഭാഗമാണ് പഞ്ചായത്ത്. ഇവിടുത്തെ പെരുവ, ചെമ്പുകാവ്, എന്നീ സ്ഥലങ്ങള്‍ ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രങ്ങളാണ്. ഭൂപ്രകൃതി അനുസരിച്ച് മലനാടില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തില്‍ 90 ശതമാനം ആളുകളും കൃഷിയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരാണ്. തെങ്ങ്, റബ്ബര്‍, കവുങ്ങ്, വാഴ, കാപ്പി, കൊക്കോ, വാനില, കൈതച്ചക്ക, പച്ചക്കറികള്‍ തുടങ്ങിയവയൊക്കെയാണ് പ്രധാന കാര്‍ഷികവിളകള്‍. പഞ്ചായത്തിലെ എട്ടോളം പുഴകളും, മുപ്പതിലധികം വരുന്ന കുളങ്ങളും ജലസ്രോതസ്സായി ഉപയോഗിക്കുന്നു. പഞ്ചായത്തില്‍ ശുദ്ധജലലഭ്യതയ്ക്കായി 72 പൊതുകിണറുകളും 4 പൊതുകുടിവെള്ള ടാപ്പുകളുമുണ്ട്. പഞ്ചായത്തിലെ വീഥികളെ രാത്രികാലങ്ങളിലും യാത്രായോഗ്യമാക്കുന്നതിനായി ഇരുനൂറോളം തെരുവുവിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. കണ്ണവം-പേരാവൂര്‍ റോഡ്, കോളയാട്-തോലമ്പ്ര റോഡ്, എടയാര്‍-ആലച്ചേരി റോഡ് തുടങ്ങി പത്തിലധികം റോഡുകള്‍ പഞ്ചായത്തിലൂടെ കടന്ന് പോകുന്നുണ്ട്. പഞ്ചായത്തിനുള്ളിലെ നിടുംപോയില്‍ ബസ്സ്റ്റാന്റ്, പഞ്ചായത്തിന് പുറത്തുള്ള പേരാവൂര്‍ ബസ്സ്റ്റാന്റ് കൂത്തുപറമ്പ് ബസ്സ്റ്റാന്റ് എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവിടുത്തെ റോഡ് ഗതാഗതം പ്രധാനമായും നടക്കുന്നത്. പള്ളിപാലം, ടിപ്പുപാലം, പുത്തലം പാലം, കടല്കണ്ടം പാലം തുടങ്ങിയ പാലങ്ങളും ഇവിടുത്തെ ഗതാഗതവികസനത്തിന് തെളിവുകളാണ്. പഞ്ചായത്തിന്റെ ഗതാഗതസൌകര്യങ്ങളുടെ അടിത്തറയായി നിലകൊള്ളുന്നത് 1823-ല്‍ ബ്രിട്ടീഷ് ബെറ്റാലിയന് പണികഴിപ്പിച്ച കണ്ണവം, പുന്നപ്പാലം, നെടുംപുറംചാല്‍ തുടങ്ങിയവ ചരിത്രത്തിന്റെ ഭാഗമായി ഇന്നും നിലനില്ക്കുന്നു. തലശ്ശേരി റെയില്‍വേസ്റ്റേഷനാണ് പഞ്ചായത്തിന് ഏറ്റവും അടുത്തുള്ള റെയില്വേസ്റ്റേഷന്. പഞ്ചായത്ത് നിവാസികള്‍ വിദേശയാത്രയ്ക്കായി ആശ്രയിക്കുന്നത് കരിപ്പൂര്‍ വിമാനത്താവളമാണ്. ഉള്‍നാടന്‍ തുറമുഖമായ അഴീക്കലാണ് പഞ്ചായത്തിനോട് അടുത്ത് സ്ഥിതിചെയ്യുന്ന തുറമുഖം. പഞ്ചായത്തിലെ നിടുംപോയില്‍ ഭാരത് പെട്രോളിയത്തിന്റെ ഒരു ബങ്ക് പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തിന്റെ പൊതുവിതരണരംഗത്ത് 10 റേഷന്‍ കടകളും ഒരു നീതിസ്റ്റോറും പ്രവര്‍ത്തിക്കുന്നുണ്ട്. വ്യാപാരരംഗത്ത് സജീവങ്ങളായ വ്യാപാരകേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. കോളയാട്, ആലച്ചേരി, നിടുംപോയില്‍ തുടങ്ങി സ്ഥലങ്ങള്‍ പ്രധാന വ്യാപാര കേന്ദ്രങ്ങളാണ്. കോളയാട് ഒരു മത്സ്യമാര്‍ക്കറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. കോളയാട്. നിടുംപോയില്‍ എന്നിവിടങ്ങളില്‍ ഷോപ്പിംഗ് കോംപ്ളക്സുകളുണ്ട്. ഹിന്ദു, മുസ്ളീം, ക്രിസ്ത്യന്‍ മതവിശ്വാസികള്‍ പഞ്ചായത്തിലുണ്ട്. സെന്റ് കോര്‍ണേലിയൂസ് ദേവാലയം, ഡോണ്‍ ബോസ്കോ ചര്‍ച്ച്, നെടുംപുറംചാല്‍ ചര്‍ച്ച്. വൈരീഘാതകന്‍ ക്ഷേത്രം, ചൊവ്വക്കാവ് ക്ഷേത്രം, നാറാണത്തമ്പലം, കോളയാട് പള്ളി, ആലച്ചേരി പള്ളി, എടയാര്‍ പള്ളി തുടങ്ങി വ്യത്യസ്ത മതവിഭാഗക്കാരുടെ നിരവധി ആരാധനാലയങ്ങള്‍ ഇവിടെയുണ്ട്. ഈ ആരാധനാലയങ്ങളിലെ ഉത്സവങ്ങളും തെയ്യം, തിറ മഹോത്സവങ്ങളും തിരുനാളും പെരുനാളും തുടങ്ങി എല്ലാ ആഘോഷങ്ങളും ജാതിമതഭേദമന്യേ എല്ലാവരും ഒത്തുചേര്‍ന്ന് ആഘോഷിക്കുന്നു. സാമൂഹ്യപ്രവര്‍ത്തകരായിരുന്ന റാവു ബഹദൂര്‍, ജെ.സി.സെക്വേറ, കെ.കെ.കുര്യന്, കോളയാട് ലാത്തീന്‍ ദേവാലയത്തിന്റെ ആദ്യവികാരി റവ.ഫാദര്‍ പോള്‍ ഫെര്‍ണാണ്ടസ് തുടങ്ങിയവരൊക്കെ ഈ പഞ്ചായത്തിന്റെ സാമൂഹ്യസാംസ്ക്കാരിക വിദ്യാഭ്യാസ ചരിത്രത്തിലെ മറക്കാനാവാത്ത വ്യക്തികളാണ്. സാമൂഹ്യ പ്രവര്ത്തകന് കെ.സി.കുരുവിള, ഒളിമ്പ്യന്‍ പൌലോസ്, അത്ലറ്റിക്സ് താരം ചന്ദ്രിക തുടങ്ങിയവരൊക്കെ പഞ്ചായത്തിലെ ഇപ്പോഴത്തെ പ്രശസ്തരായ വ്യക്തികളാണ്. കോളയാട് സാംസ്കാരിക നിലയം, മേനച്ചോടി പട്ടികവര്‍ഗ്ഗ സാംസ്കാരിക നിലയം, പി.വൈ.സി.ക്ളബ്ബ്, ജ്ഞാനോദയം ഗ്രന്ഥശാല, ഇ.എം.എസ് സ്മാരക ഗ്രന്ഥശാല, ഇ.എം.എസ്. സ്മാരക വായനശാല, തുടങ്ങി പത്തോളം ഗ്രന്ഥശാലകളും, വായനശാലകളും ഒക്കെ പഞ്ചായത്തിലെ പ്രധാന കലാ കായിക സാംസ്കാരികകേന്ദ്രങ്ങളാണ്. സെന്റ് മാര്ട്ടിന് സി. പോറസ് ഹോസ്പിറ്റല്‍, ഷീജ ഹോമിയോ ക്ളിനിക്, പെരുവ, ചെമ്പുകാവ് എന്നിവിടങ്ങളിലെ ആയുര്‍വേദാശുപത്രികള്‍ തുടങ്ങിയവയൊക്കെയാണ് പഞ്ചായത്തിന്റെ ആരോഗ്യപരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങള്‍. പെരുവയില്‍ ഒരു പ്രാഥമികാരോഗ്യകേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്. അറയങ്ങാട് സ്നേഹഭവന്, പേരാവൂര്‍ സഹകരണ ആശുപത്രി എന്നിവരുടെ ആംബുലന്‍സ് സേവനവും പഞ്ചായത്തില്‍ ലഭിക്കുന്നുണ്ട്. മൃഗചികിത്സയ്ക്കായി ഒരു മൃഗാശുപത്രിയും കോളയാട് പ്രവര്‍ത്തിക്കുന്നുണ്ട്. കൊമ്മേരിയില്‍ ഒരു ഗോട്ട് ഫാമും ഉണ്ട്. പെരുവ ഗവണ്മെന്റ് യു.പി.എസ്, എടയാര്‍ ഗവണ്മെന്റ് എല്‍.പി.എസ് മേനച്ചോടി ഗവണ്മെന്റ് യു.പി.എസ്., സെന്റ് കോര്‍ണേലിയൂസ് ഹൈസ്കൂള്‍, സെന്റ് ക്ളേവിയേഴ്സ് യു.പി.സ്കള് തുടങ്ങി പത്തോളം സര്‍ക്കാര്‍ സര്‍ക്കാരേതര സ്കൂളുകള്‍ പഞ്ചായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. പുന്നപ്പാലത്തുള്ള ദൈവദാന്‍ സെന്റ്ര് ഇവിടുത്തെ ഒരു പ്രധാന സാമൂഹ്യ സ്ഥാപനമാണ്. നെടുംപുറം ചാലില്‍ വിജയബാങ്കിന്റെ ഒരു ശാഖ പ്രവര്‍ത്തിക്കുന്നുണ്ട്. എന്‍.എം.ജി ബാങ്കിന്റെ ഒരു ശാഖ കോളയാടും പ്രവര്‍ത്തിക്കുന്നു. കോളയാട് സഹകരണബാങ്ക്, തൊണ്ടിയില്‍ സഹകരണ ബാങ്ക്, എടയാര്‍ സഹകരണബാങ്ക്, ആലച്ചേരി സഹകരണബാങ്ക്, കൂത്തുപറമ്പ് സഹകരണബാങ്ക് തുടങ്ങിയവയാണ് സഹകരണമേഖലയിലെ പ്രധാന ബാങ്കിംഗ് സ്ഥാപനങ്ങള്‍. നോബിള്‍ ഫൈനാന്‍സിയേഴ്സ്, എബിന് ഫൈനാന്‍സിയേഴ്സ് തുടങ്ങി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വിവാഹം അതുപോലുള്ള പൊതുചടങ്ങുകള്‍ എന്നിവയ്ക്കായി ഒരു കമ്മ്യൂണിറ്റി ഹാളും കോളയാട് പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ പഞ്ചായത്തിലുണ്ട്. വൈദ്യുതി ബോര്‍ഡ്, വില്ലേജ് ഓഫീസ്, കൃഷിഭവന് എന്നിവ കോളയാട് സ്ഥിതി ചെയ്യുന്നു. പഞ്ചായത്ത് ഓഫീസ്, ഫോറസ്റ്റ് റെയിഞ്ച് ഓഫീസ്, ടെലഫോണ്‍ എക്സ്ചേഞ്ച് എന്നിവയും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 5 തപാല്‍ ഓഫീസുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.